ഭൈഷജ്യഗുരു ബുദ്ധന്റെ പൂജയും മന്ത്രധ്യാനവും

For Description in English – https://bodhikshetra.org/medicine-buddha/
ആകാശധർമ്മ നിധാന പ്രകാരം വജ്രയാന രീതിയിലുള്ള, വൈഡൂര്യപ്രവാഹം എന്ന ഭൈഷജ്യഗുരു ബുദ്ധന്റെ (ഹീലിംഗ് ബുദ്ധൻ) സാധനയും മന്ത്രധ്യാനവും
സൗഖ്യദായകമായ ഭൈഷജ്യാമൃതധാര അനുഭവിക്കാനും, ത്രിദോഷങ്ങളെയും പഞ്ചഭൂതങ്ങളെയും സംതുലനം ചെയ്യാനും, അനാരോഗ്യത്തിന്റെ അവസ്ഥകളെ തരണം ചെയ്യാൻ ശരീരത്തെയും മനസ്സിനെയും പ്രാപ്തമാക്കാനും, രോഗങ്ങളിലും നിന്നും ക്ലേശങ്ങളിൽ നിന്നും ശാന്തിക്കായും ഈ സാധന ഉപകരിക്കുന്നു സപ്തഭൈഷജ്യ ബുദ്ധൻമാരുടെ അനുഗ്രഹ പ്രവാഹത്തെ ആമന്ത്രണം ചെയ്തുള്ള ഈ മന്ത്രസാധന നമ്മുടെ മനസ്സിന്റെയും ശരീരത്തിന്റെയും സൗഖ്യത്തിനും, ആയുരാരോഗ്യത്തിനും, മറ്റുള്ളവർക്കുവേണ്ടിയും സമർപ്പിക്കാം.
വൈഡൂര്യപ്രഭ എന്ന ബുദ്ധക്ഷേത്രത്തിലെ (pure realm) ഭൈഷജ്യഗുരു ബുദ്ധനെ കുറിച്ച് ശാക്യമുനി ബുദ്ധൻ പഠിപ്പിച്ചിട്ടുണ്ട്. ബോധിസത്ത്വനായി ബോധോദയമാർഗ്ഗം അഭ്യസിക്കുമ്പോൾ അദ്ദേഹം നടത്തിയ ഉൽകൃഷ്ട പ്രണിധാനങ്ങളുടെയും (aspirations) പ്രതിജ്ഞകളുടെയും ഫലമായി ഭൈഷജ്യഗുരുവിന്റെ ബോധിപ്രവർത്തനങ്ങൾ രോഗശാന്തിയ്ക്കും ദുഃഖനിവാരണത്തിനും ആയുരാരോഗ്യത്തിനും ഉള്ള അമൃതധാരയായി പ്രവഹിക്കുന്നു. ഭൈഷജ്യഗുരുവിന്റെ നാമം ഓർക്കുകവഴിയും ധാരണീമന്ത്രം ഉരുവിടുക വഴിയും ആ അനുഗ്രഹപ്രവാഹം അനുഭവവേദ്യമാകും.
ബൗദ്ധത്തിലെ വൈദ്യപരമ്പര ആരംഭിക്കുന്നത് തന്നെ ഭൈഷജ്യഗുരുവിൽ നിന്നാണ്. ഭൈഷജ്യതന്ത്രചതുഷ്ടയം ഇവയിൽ പ്രധാനമാണ്. കൂടാതെ, വാഗ്ഭടന്റെ അഷ്ടാംഗസംഗ്രഹത്തിലൂടെ ഭൈഷജ്യഗുരുവിന്റെ മന്ത്രം നമ്മുടെ നാട്ടിലും വളരെക്കാലം മുമ്പ് പ്രചരിച്ചിരുന്നു.
വജ്രയാന പ്രകാരം നമ്മുടെ മനസ്സിന്റെ ശുദ്ധസ്വഭാവമായ ബുദ്ധത്വത്തിന്റെ ഒരു ഭാവഭേദമായി ഭൈഷജ്യഗുരു ധ്യാനദേവതാരൂപമാകുന്നു. അത്തരത്തിലുള്ള മന്ത്രസാധന, ലൗകിക സൗഖ്യത്തിന് മാത്രമല്ല, ആത്യന്തികമായി നമ്മുടെ ബോധോദയത്തിലേക്കുള്ള മാർഗ്ഗവുമാണ്.
അത്തരത്തിലുള്ള ധ്യാനവും മന്ത്രസാധനയും വഴി, ക്ലേശങ്ങളെ (afflictive emotions) ശമിപ്പിക്കാനും, ത്രിദോഷങ്ങളെ സമീകരിക്കാനും, അനുഗ്രഹവർഷത്തിന്റെ സൗഖ്യദായക സ്പർശം അനുഭവിക്കാനും, അങ്ങനെ മനസ്സിനും ശരീരത്തിനും രോഗശാന്തിക്കുള്ള കഴിവ് പുഷ്ടിപ്പെടുത്താനും സാദ്ധ്യമാണ്.
